Sunday, January 9, 2011

ഒരു ചങ്ങാതിയുടെ വിയോഗം...

പ്രിയ ചങ്ങാതീ, ഈ ഓർമ്മക്കുറിപ്പ്‌ ഞാൻ നിനക്കായി സമർപ്പിക്കുന്നു.
കുഞ്ഞന്റെ ജീവിതത്തിലെ ഒരു ചെറിയ ഓർമ്മപ്പൊട്ടാണ്‌ നീ. കുറച്ച്‌ കാലം കഴിഞ്ഞാൽ ഒരുപക്ഷെ കുഞ്ഞൻ നിന്നെ ഓർക്കുന്നുപോലുമുണ്ടാവില്ല. എന്നാലും, ഇന്ന്‌, ഞങ്ങളെല്ലാം നിന്റെ വിയോഗത്തിൽ ദു:ഖിക്കുന്നു.

കുറച്ചുദിവസമായി നിനക്ക്‌ സുഖമില്ലെന്ന് ഞങ്ങൾക്ക്‌ തോന്നിത്തുടങ്ങിയിരുന്നു. അവസാനം 2011 ജനുവരി നാലാം തിയതി നിനക്ക്‌ തീരെ സുഖമില്ലെന്നും ഒന്നും കഴിയ്ക്കുന്നില്ലെന്നും കുഞ്ഞന്റെ അമ്മ വിഷമത്തോടെ എന്നെ അറിയിച്ചപ്പോഴും ഞാൻ പകച്ചില്ല. എന്തുകൊണ്ടോ അനിവാര്യമായ ഒരു വാർത്ത എന്നെ അന്വേഷിക്കുന്നുണ്ടെന്ന് എനിക്ക്‌ അറിയാമായിരുന്നു.
അവസാനം ജനുവരി അഞ്ചാം തിയതി, ബുധനാഴ്ച രാവിലെ ഞാൻ എഴുന്നേറ്റത്‌ നിന്റെ മരണവാർത്ത കേട്ടുകൊണ്ടായിരുന്നു. കുഞ്ഞന്റെ അമ്മ ഒരു ചെറുതേങ്ങലോടെയാണ്‌ അതെന്നെ അറിയിച്ചത്‌. പിന്നീട്‌ അടുത്തവീട്ടിലെ സതീശേട്ടൻ (അതെ, നിന്റെ പേടിസ്വപ്നമായിരുന്ന പപ്പു എന്ന പട്ടിക്കുട്ടിയെ വളർത്തിയിരുന്ന അതേ സതീശേട്ടൻ തന്നെ) നിന്റെ നിർജ്ജീവശരീരം കളയാനോ കുഴിച്ചിടാനോ ആയി ദൂരേയ്ക്ക്‌ കൊണ്ടുപോയപ്പോൾ എന്റെ മനസും വിങ്ങി.


ഇക്കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഞങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനകഥാപാത്രമായിരുന്നു നീ. കുഞ്ഞന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ, കുഞ്ഞന്റെ അമ്മയ്ക്ക്‌ ഇടയ്ക്കിടെ ഞെട്ടാൻ ഒരു കാരണം, കുഞ്ഞന്റെ പിയയ്ക്ക്‌ ഇടയ്ക്കിടെ വീടിനുപുറത്താക്കാൻ ഒരു ജീവി, കുഞ്ഞന്റെ അച്ഛനാകട്ടെ വ്യത്യസ്തകാരണങ്ങളാൽ ദേഷ്യപ്പെടുവാനുള്ള ഒരു സാധുവും.


കുഞ്ഞൻ നിന്നെ സ്നേഹപൂർവ്വം കായ എന്നു വിളിച്ചു, നീയത്‌ അറിഞ്ഞിരുന്നുവോ?
കുഞ്ഞൻ നിന്റെ വാലിൽ പിടിച്ച്‌ വലിച്ചപ്പോഴൊക്കെ നിനക്ക്‌ വേദനിച്ചിരുന്നുവോ?
കുഞ്ഞൻ നിന്നെ തലോടുമ്പോൾ നിനക്ക്‌ സുഖം തോന്നിയിരുന്നുവോ?
കുഞ്ഞൻ നിന്നെ പൊക്കിയെടുത്ത്‌ വീടിന്‌ പുറത്തേയ്ക്കിടുമ്പോൾ നിനക്ക്‌ കുഞ്ഞനോട്‌ അനിഷ്ടം തോന്നിയിരുന്നുവോ?

കുഞ്ഞനെ നിനക്കിഷ്ടമായിരുന്നൊ?
എനിയ്ക്കറിയില്ല സ്നേഹിതാ....

കുഞ്ഞന്റെ അമ്മയേയൊ?കുഞ്ഞന്റെ അമ്മയ്ക്ക്‌ നീ അൽപമല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്‌. അമ്മ ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോൾ വാതിൽ തുറന്നയുടൻ അവളേക്കാൾ വേഗത്തിൽ നീ വീട്ടിനകത്തെത്തിയിരുന്നു. ഇടയ്ക്കിടെ അവളുടെ കാലുകൾക്കിടയിലൂടെ നീങ്ങി നീയവളെ ഞെട്ടിയ്ക്കുമായിരുന്നു. നീ കുഞ്ഞനെ മാന്തുമോ, കടിയ്ക്കുമോ എന്നെല്ലാം കുഞ്ഞന്റെ അമ്മ ഒരുപാട്‌ ഭയന്നിരുന്നു, ചിലപ്പോഴെല്ലാം അത്‌ സംഭവിച്ചിട്ടുമുണ്ടല്ലൊ. ചുരുക്കത്തിൽ നിന്നെ കാണുന്നത്‌ കുഞ്ഞന്റെ അമ്മയ്ക്ക്‌ എന്നും പേടിയായിരുന്നു.

പിയയ്കോ? പിയ നിന്നെ ഇഷ്ടപ്പെട്ടിരുന്നിരിയ്ക്കാം, പക്ഷെ ചില്ലറ കഷ്ടപ്പാടല്ല പിയയ്ക്ക്‌ നീ നൽകിയത്‌. എന്നും പാല്‌ തരാൻ പിയ ശ്രദ്ധിച്ചിരുന്നെങ്കിലും അത്‌ കുടിയ്ക്കാതെ നീ വീണ്ടും വീണ്ടും അടുക്കളയിലേയ്ക്ക്‌ വന്ന് പിയയെ വിളിച്ച്‌ ശല്യപ്പെടുത്തിയില്ലേ? എന്നും നിന്നെ ബിസ്കറ്റ്‌ കഷ്ണങ്ങൾ കാണിച്ച്‌ അനുനയിപ്പിച്ച്‌ പുറത്താക്കി വാതിലടയ്ക്കാൻ പിയ നിർബന്ധിതയായിരുന്നില്ലേ?

എനിയ്ക്ക്‌, കുഞ്ഞന്റെ അച്ഛന്‌, നീയെന്തായിരുന്നു?
കുഞ്ഞന്റെ കൂട്ടുകാരൻ, പക്ഷെ ഞാൻ നിന്നോട്‌ ദേഷ്യപ്പെട്ടിട്ടേയുള്ളു. കുഞ്ഞന്റെ ഉപദ്രവം കൂടുമ്പോൾ നിന്നെ കുഞ്ഞനിൽ നിന്നും അകറ്റാനാണ്‌ ഞാൻ കൂടുതൽ ശ്രമിച്ചത്‌, കുഞ്ഞനുള്ള ശിക്ഷ ചെറിയൊരു ശാസനയിൽ ഞാനൊതുക്കി. രാത്രി കിടക്കുംമുൻപ്‌ നിന്നെ പുറത്താക്കേണ്ടത്‌ എന്റെ ജോലിയായിരുന്നു. ഇടയ്ക്കിടെ കുഞ്ഞന്റെ, കുഞ്ഞന്റെ അമ്മയുടെ, പിയയുടെ എല്ലാം പരാതി കേൾക്കുമ്പോൾ നീ കുറ്റക്കാരനല്ലെന്നറിഞ്ഞിട്ടും ഞാൻ നിന്നെ വീടിനുപുറത്താക്കി ശിക്ഷിച്ചു. നിന്നെ ഇഷ്ടപ്പെട്ടിട്ടും ഞാനത്‌ ഒരിക്കലും കാണിച്ചില്ല.

എന്നിട്ടും നിന്റെ വിയോഗവാർത്തയറിഞ്ഞപ്പോൾ ഞങ്ങൾ എങ്ങിനെ പ്രതികരിച്ചു?

കുഞ്ഞന്റെ അമ്മ കരഞ്ഞു, പിയ "പാവം, അത്‌ ചത്തു" എന്നു പറഞ്ഞു നിർത്തി, ഞാൻ എന്നത്തേയും പോലെ വിഷമം കാണിച്ചില്ല.
കുഞ്ഞൻ രാവിലെ എഴുന്നേറ്റ്‌ നിന്നെ അന്വേഷിച്ചു, നിന്റെ മരണവാർത്ത കേട്ടപ്പോൾ നിന്റെ ശരീരം കാണണമെന്ന് പറഞ്ഞു, പക്ഷെ കൂടുതൽ വാശി പിടിച്ചില്ല.


നിന്റെ കഥ അവിടെ തീരുന്നു.
എനിക്കിനിയും അറിയാത്ത, ഒരിക്കലും അറിയാനിടയില്ലാത്ത ചില സംശയങ്ങൾ ചോദിച്ചോട്ടെ....

പപ്പു എന്ന പട്ടിക്കുട്ടിയെ നിനക്ക്‌ പേടിയായിരുന്നോ, അതോ വെറും ഇഷ്ടമില്ലായ്മയോ?
മനുഷ്യരെ നിനക്ക്‌ എന്നെങ്കിലും ഇഷ്ടമായിരുന്നോ, അതോ പേടിയായിരുന്നോ, അതോ വെറുപ്പായിരുന്നൊ?
ഞാൻ രാത്രി നിന്നെ പുറത്താക്കി വാതിലടയ്ക്കുമ്പോൾ നിനക്ക്‌ എന്താണ്‌ തോന്നിയിരുന്നത്‌?
നിനക്ക്‌ രാത്രി തണുപ്പ്‌ സഹിയ്ക്കാൻ കഴിയുമായിരുന്നോ?
നിന്നോട്‌ ശണ്ഠ കൂടിയിരുന്ന ആ വലിയ പൂച്ചയെ (അത്‌ നിന്റെ തള്ളപ്പൂച്ചയാണെന്നാണ്‌ കുഞ്ഞൻ പറഞ്ഞിരുന്നത്‌) നീ വല്ലാതെ ഭയന്നിരുന്നോ?
നിനക്ക്‌ എന്നെങ്കിലും വിശന്നിരുന്നോ?
ഈ ലോകം നിന്നോട്‌ നീതി കാണിച്ചോ?


ഈ മാനവന്റെ ഒരിറ്റ്‌ കണ്ണീർ, അതല്ലാതെ ഇനിയൊന്നും എനിക്ക്‌ തരാനില്ല, നിനക്കായി. നിന്റെ ചില സുന്ദരമായ ഓർമ്മകൾക്ക്‌ നന്ദിപൂർവ്വം ഈ കുറിപ്പ്‌ ഞാൻ സമർപ്പിക്കട്ടെ.




പൂച്ചക്കുട്ടിയ്ക്കായി എഴുതിവെച്ച നിർദ്ദേശം...

പഴയ പോസ്റ്റ്‌

Tuesday, July 6, 2010

കുഞ്ഞന്റെ പുത്യേ ചങ്ങാതി.

കുഞ്ഞൻ വെള്ള്യാഴ്ച സ്കൂള്‌ന്ന് വന്നപ്പൊ എന്താ കണ്ടേന്നറിയോ.

വീട്ട്‌ലൊരു പൂച്ചക്കുട്ടി.


കുഞ്ഞന്‌ പൂച്ചക്കുട്ട്യേ വല്ല്യ ഷ്ടായീ. വെള്‌ത്ത പൂച്ചക്കുട്ട്യാ. എട്ക്കെട്ക്ക്‌ മ്യാവൂ മ്യാവൂ ന്ന് പറേം.


പിയ അദ്നിത്തിരി പാല്‌ കൊട്ത്തു. പൂച്ചക്കുട്ടി പാല്‌ നക്കിനക്കി കുടിക്കണ കാണാൻ നല്ല രസാ. മാമു കൊട്ത്തപ്പഴും ഉണ്ടു. ന്നാലും ബിസ്കറ്റ്‌ കൊട്ത്തപ്പ്‌ളും ബ്രെഡ്‌ കൊട്ത്തപ്പ്‌ളും പൂച്ചക്കുട്ടി തിന്നില്ല്യാ.

അമ്മ വന്നപ്പൊ പർഞ്ഞു പൂച്ചക്കുട്ട്യേ അദികം എട്ക്കണ്ടാ ന്ന്. പൂച്ചക്കുട്ടി മാന്തുംത്രെ. മാന്ത്യാ കുഞ്ഞന്റെ മേത്ത്‌ മുറ്യാവും, ചോര വരും. പൂച്ചക്കുട്ടിക്കാച്ചാ നല്ല നഖംണ്ടേയ്‌. പൂച്ചക്കുട്ടീടെ മേത്ത്‌ ബാക്റ്റീര്യൊക്കെ ണ്ടാവുംത്രെ. അദോണ്ട്‌ പൂച്ചക്കുട്ട്യേ തൊട്ടാ കയ്യ്‌ നല്ലോണം കഴ്‌കണം ന്നും പർഞ്ഞു അമ്മ.
പൂച്ചക്കുട്ട്യേ കുള്‌പ്പിക്കാം ന്ന് പർഞ്ഞപ്പൊ അമ്മ സമ്മേച്ചില്ല്യ. പിന്നെന്താ കുഞ്ഞൻ ചെയ്യാ?



വൈന്നേരായ്പ്പൊ പൂച്ചക്കുട്ട്യേ പൊർത്താക്കാൻ പർഞ്ഞൂ അമ്മേം പിയേം ഒക്കെ.

പൂച്ചക്കുട്ടി എങ്ങ്ന്യാ ഒറ്റയ്ക്ക്‌ കെട്ക്കാ. അദ്ന്‌ പേട്യാവില്ല്യേ.

അമ്മ പർഞ്ഞൂ പൂച്ചക്കുട്ടി അദ്ന്റെ അമ്മേടെ അട്ത്ത്‌ പൊക്കോട്ടേന്ന്. അപ്പൊ പേട്യാവില്ല്യാത്രെ. ന്ന്ട്ടും പൂച്ചക്കുട്ടി സിറ്റൗട്ട്‌ലെന്നെ ഇരുന്നു. എട്ക്കെട്ക്ക്‌ കുഞ്ഞന്റെ അട്ത്ത്‌ വരണം, കുഞ്ഞന്റെ അട്ത്ത്‌ വരണം ന്ന് പറേണ്ടാർന്നു (മ്യാവൂ മ്യാവൂ ന്നാ പറേണെ, ന്നാലും കുഞ്ഞനറിയാലോ).

കുഞ്ഞൻ പർഞ്ഞു പൂച്ചക്കുട്ടീ, നീയ്‌ പൊക്കോ അമ്മേടട്ത്തയ്ക്ക്‌ ന്ന്. 

എത്ര പർഞ്ഞ്ട്ടും പൂച്ചക്കുട്ടി പോണില്ല്യ. അദ്‌ കൊർച്ച്‌ നേരം ഷൂ റാക്കിന്റെ മോളില്‌ കേറി നിന്ന് ജനൽല്‌ക്കൂടെ കുഞ്ഞനെ നോക്കി. പാവം, ഒന്ന് രണ്ട്‌ പ്രാശ്യം അദ്‌ ഷൂറാക്കിന്റെ മോള്‌ന്ന് വീണു. കുഞ്ഞന്‌ സങ്കടായി, കൊറേ കരഞ്ഞു.
അച്ഛൻ പർഞ്ഞൂ പൂച്ച വീണാലും ഒന്നും പറ്റില്ല്യാന്ന്. ന്നാലും പാവം പൂച്ചക്കുട്ട്യല്ലേ, വേദ്നേണ്ടാവില്ല്യേ....

രാത്ര്യായ്പ്പൊ പൂച്ചക്കുട്ടിക്കും ഒർങ്ങണ്ടേ. കുഞ്ഞൻ വചാര്‌ച്ചൂ പൂച്ചക്കുട്ട്യേം കെട്ടിപ്പിട്ച്ച്‌ കെട്ക്കാം ന്ന്. അമ്മ പർഞ്ഞൂ പൂച്ചക്കുട്ടി കെട്ക്കേല്‌ കെട്ന്നാ ശര്യാവില്ല്യാ ന്ന്. പൂച്ചക്കുട്ടി കേട്ക്കേലൊക്കെ അപ്പീടും, മൂത്രൊഴ്‌ക്കും ന്നൊക്കെ. പൂച്ചക്കുട്ടിയ്ക്ക്‌ കുഞ്ഞനെപ്പോലെ വണ്ണിന്‌ പോണം ന്ന് പറയാൻ പറ്റില്ല്യാലൊ.


കുഞ്ഞന്‌ പിന്നേം സങ്കടായി. നിപ്പൊ പൂച്ചക്കുട്ടി നാളെ വന്നില്ല്യാച്ചാലോ? പൂച്ചക്കുട്ടിക്ക്‌ പേടീണ്ടാവുംച്ചാലോ?

അപ്പൊ അമ്മ പർഞ്ഞൂ പൂച്ചക്കുട്ടി അദ്ന്റെ അമ്മേം കൂട്ടി വന്നോട്ടേന്ന്.  അപ്പൊ പൂച്ചക്കുട്ടിക്ക്‌ പേടീണ്ടാവില്ല്യലൊ. പൂച്ചക്കുട്ട്യോട്‌ പർഞ്ഞാ മതീ നാളെ അച്ഛനേം അമ്മേം കൂട്ടി വരണം ന്ന്.

അപ്പൊ കുഞ്ഞന്‌ സംശ്യായീ. പൂച്ചക്കുട്ടിയ്ക്ക്‌ പർഞ്ഞാ മൻസ്‌ലാവോ. പൂച്ചക്കുട്ടിയ്ക്ക്‌ അറ്യോ നമ്മളെന്താ പറേണത്‌ന്ന്.

കുഞ്ഞൻ അമ്മ്യോട്‌ പർഞ്ഞൂ.
അമ്മേ.... പൂച്ചക്കുട്ടിയ്ക്ക്‌ നമ്മള്‌ പർഞ്ഞാ മൻസ്‌ലാവില്ല്യ. അദ്ന്‌ എഴ്‌തിക്കൊട്ക്കാം, നാളെ അമ്മേം കൂട്ടി വരണംന്ന്.

അമ്മ സ്ലേറ്റില്‌ എഴ്‌തി, പൂച്ചക്കുട്ട്യോട്‌ അമ്മേം കൂട്ടി വരാൻ. കുഞ്ഞൻ സ്ലേറ്റും കൊണ്ട്‌ പൊർത്തയ്ക്ക്‌ പോയി പൂച്ചക്കുട്ടിയ്ക്ക്‌ കാൺച്ച്‌ കൊട്ത്ത്ണ്ട്‌.


പിറ്റേന്ന് രാവ്‌ലെ നോക്കീപ്പൊ പൂച്ചക്കുട്ടീണ്ട്‌, അദ്ന്റെ അമ്മേംണ്ട്‌. അച്ഛൻ എവ്ട്യാവോ?

കുഞ്ഞന്റെ കൂടെ ടിവി കാണാനും ബോള്‌ തട്ടിക്കളിക്കാനും ഒക്കെ കൂടി ന്നലെ.




ഇന്ന് സ്കൂളില്യാ, അമ്മയ്ക്കും അച്ഛനും ഓഫീസ്ണ്ട്‌ (ഹർത്താൽ). അപ്പൊ കുഞ്ഞനും പൂച്ചക്കുട്ടീം കൂടി കളിക്കും. പൂച്ചക്കുട്ടിക്ക്‌ പാല്‌ കൊട്ക്കും, മാമു കൊട്ക്കും, കളിയ്ക്കും.... ഹായ്‌ ഹായ്‌

Thursday, June 17, 2010

ഒരുകൂട്ടം ചോദ്യങ്ങൾ


സ്കൂള്‌ തുറന്നു, കുഞ്ഞൻ യൂകെജിക്കാരനായീ. Father, Mother ന്നൊക്കെ എഴ്തിത്തൊട്ങ്ങീ.



*****************************
പിയ ഏട്ക്കെട്ക്ക്‌ ഓരോരോ ചോദ്യങ്ങള്‌ ചോയ്ക്ക്യും. അപ്പൊ കുഞ്ഞന്‌ കൊറേ സംശ്യണ്ടാവും.
 
What is your name?


അതെന്താ പിയയ്ക്കറീല്ല്യേ എന്റെ പേരെന്താന്ന്?

അല്ല കുഞ്ഞാ, പിയയ്ക്കറിയാം, ടീച്ചർക്കറീല്ല്യലൊ. പുത്യേ ടീച്ചറല്ലേ....

ഹും, ന്നാ ശരി. ടീച്ചർക്കറീല്ല്യാച്ചാൽ പർഞ്ഞല്ലേ പറ്റൂ.

My name is Haridathan.

ദാ അപ്പൊ പിയ പിന്നേം

What is your Father's name?

പാവം, ടീച്ചർക്ക്‌ അദും അറീല്ല്യലൊ, പുത്യേ ടീച്ചറല്ലേ....

My father's name is Prasanth

What is your Mother's name?

ഹൗ, ഈ ടീച്ചർക്ക്‌ എന്തൊക്ക്യാ അറിയണ്ടേ.... ദും കൂടി അറീല്ല്യാച്ചാലോ....

My mother's name is Jyothi

അപ്പ ദാ പിയേടെ അട്ത്ത ചോദ്യം...

What is your Teacher's name?

അദെന്താ പിയേ... ടീച്ചർക്കറീല്ല്യേ ടീച്ചർടെ പേരെന്താന്ന്?

അയ്യേ.... ങ്ങനേംണ്ടോ ടീച്ചറ്‌?
 
 
 
******************************************
അമ്മേ.... ഒര്‌ കദ പർഞ്ഞ്‌ തരൂ....


ഓ.. ആവാലോ, എന്ത്‌ കഥ്യാ കുഞ്ഞന്‌ വേണ്ടേ?

പുത്യേ കദ.

ന്നാ അമ്മ സാന്റിയാഗോ-ന്റെ കഥ പർഞ്ഞ്‌ തരാം.

ഓടണ കുട്ടീടെ കദ്യാണോ?

ഓടണ കുട്ടീടെ കഥ്യൊന്ന്വല്ല. കൊറേ യാത്ര ചെയ്യണ കുട്ടീടെ കഥ്യാ. ഈജിപ്റ്റിലൊക്കെ പോയ ഒരു കുട്ടീടെ കഥ, കൊറേ സ്വപ്നം കാണണ കുട്ടീടെ കഥ.

ആ കുട്ടി ഓട്വോ?

അതെന്താ കുഞ്ഞൻ അങ്ങ്നെ ചോയ്‌ച്ചേ?

ഗോ ന്ന് പർഞ്ഞാ ഓട്വാ ന്നല്ലേ?

അതാരാ കുഞ്ഞന്‌ അങ്ങ്നെ പർഞ്ഞ്‌ തന്നേ, ഗോ ന്ന് പർഞ്ഞാ ഓട്വാ ന്ന്?

ആദർശേട്ടനൊക്കെ ഓടിക്കൾക്കുമ്പൊ വൺ, ടൂ, ത്രീ, ഗോ ന്ന് പർഞ്ഞ്ട്ടല്ലേ ഓടണത്‌. ഗോ ന്ന് പർഞ്ഞാലേ ഓടാൻ പാടുള്ളൂ.

എന്തായാലും, ഗോ ചെയ്യുന്ന (അഥവാ ഓടുന്ന) സാന്റിയാ-യുടെ കഥ തൽക്കാലം അവിടെ അവസാനിച്ചു, ചിരിയ്ക്കായി ഒരു ഇടവേള.

Monday, May 3, 2010

കുഞ്ഞന്റെ സ്വപ്നം കൂട്ടിയോജിപ്പിച്ചപ്പോൾ....

കുഞ്ഞന്‌ വണ്ട്യോടിച്ച്‌ കളിക്കാൻ എന്തിഷ്ടാന്നറിയ്യോ.... കുഞ്ഞന്‌ ഒരു കാറ്‌ണ്ട്‌, രണ്ട്‌ സൈക്കിള്‌ണ്ട്‌, പിന്നെ കൊറേ കുഞ്ഞ്യേ ജീപ്പും കാറും ബസും ഒക്കേണ്ട്‌.... ന്നാലും കുഞ്ഞന്‌ പുത്യേ കാറ്‌ വാങ്ങാൻ ഇഷ്ടാ...

ഒരീസം കുഞ്ഞനും പിയേം കൂടി ശ്രീകാര്യത്ത്‌ പോയി. പിയയ്ക്കെന്തൊക്യോ വാങ്ങാണ്ടാർന്നു. അപ്പൊ ഒരു കടേല്‌ കേറിപ്പൊ അവ്ടൊരു നീല ജീപ്പ്‌ കണ്ടു. കുഞ്ഞനത്‌ ഇഷ്ടായി. വാങ്ങണം ന്ന് പർഞ്ഞപ്പൊ പിയ വാങ്ങിത്തന്നു.


ജീപ്പും കൊണ്ട്‌ പൊർത്തക്കെർങ്ങീപ്പൊ പിയ പർഞ്ഞു പിയേടെ ബാഗിലിടാം ന്ന്. കുഞ്ഞൻ പർഞ്ഞു വേണ്ടാ കുഞ്ഞൻ പിടിക്കാം ന്ന്.

അങ്ങ്നെ ജീപ്പും പിടിച്ച്‌ കുഞ്ഞനും പിയേം കൂടി നട്ക്കാർന്നു, റോഡ്ന്റെ സൈഡ്ക്കൂടെ.

തിര്‌ച്ച്‌ വീട്ട്ല്ക്ക്‌ പൂവാൻ ഓട്ടോ കാത്ത്‌ നിക്ക്വാർന്നു പിയേം കുഞ്ഞനും. അപ്പൊ കുഞ്ഞന്റെ കയ്യ്‌ന്ന് ജീപ്പ്‌ വീണു, ഉർണ്ട്‌ ഉർണ്ട്‌ റോട്ട്‌ല്‌ക്ക്‌ പോയി.

അപ്പൊ ഒര്‌ ബൈക്ക്‌ വന്ന് ജീപ്പ്ന്റെ മോള്‌ല്‌ക്കൂടെ കേറി. ജീപ്പ്‌ പൊട്ടിപ്പോയീ..

കുഞ്ഞൻ ജീപ്പ്‌ എട്ക്കാൻ വേണ്ടി ഓടാൻ നോക്കീ, പക്ഷെ പിയ സമ്മയ്ച്ചില്ല്യ. പിയ കുഞ്ഞന്റെ കയ്യ്‌ മുർക്കെ പിടിച്ച്ണ്ടാർന്നു. അതോണ്ട്‌ കുഞ്ഞന്‌ ജീപ്പ്‌ എട്ക്കൻ പറ്റീല്ല്യ.

ബസില്‌ പോണോരൊക്കെ കണ്ടു, ജീപ്പ്‌ പൊട്ടികെട്ക്കണത്‌. അദ്ക്കൂടെ പോയ്യേർന്ന ഒരു അങ്കിള്‌ ജീപ്പിന്റെ കഷ്ണങ്ങളൊക്കെ എട്ത്ത്‌ തന്നു. പാവം ജീപ്പ്‌.... ഓരോരോ കഷ്ണായിട്ട്‌ പൊട്ടി കെട്ക്കാ..

കുഞ്ഞനും സങ്കടായി. പുത്യേ ജീപ്പ്‌, ഓടിച്ച്‌ നോക്ക്വേംകൂടി ചെയ്ത്ട്ടില്ല്യ, അദ്ന്‌ മുമ്പേ പൊട്ടി.... കുഞ്ഞൻ കൊറേ കര്‌ഞ്ഞു....


വീട്ട്‌ല്‌ വന്ന്ട്ടും കുഞ്ഞന്റെ സങ്കടം മാറീല്ല്യ. ജീപ്പ്ന്റെ കഷ്ണൊക്കെ എട്ത്ത്‌ വെച്ചു. അച്ഛൻ വന്നാ പറേണം, നേര്യാക്കിത്തരാൻ.




 
അമ്മ ഓഫീസ്ന്ന് വന്നപ്പൊ പർഞ്ഞു, അമ്മയ്ക്കും സങ്കടായി.
മുത്തശ്ശനേം മുത്തശ്ശ്യേം വിൾച്ച്‌ പർഞ്ഞൂ ജീപ്പ്‌ പൊട്ടിപ്പോയീന്ന്. അവ്‌ര്‌ക്കും സങ്കടായി. മുത്തശ്ശി പർഞ്ഞു... സാരല്ല്യ, നമ്മക്ക്‌ വേറെ വാങ്ങിക്കാം ന്ന്. ന്നാലും പൊട്ട്യേ ജീപ്പ്‌ കിട്ടില്ല്യലോ.... ന്താ ചെയ്യാ



അച്ഛൻ ഓഫീസ്ന്ന് വന്നപ്പൊ അച്ഛനോട്‌ പർഞ്ഞു, ദൊന്ന് ശര്യാക്കിതര്‌വോ ന്ന് ചോയ്ച്ചു. അച്ഛൻ പർഞ്ഞു, അയ്യോ കുഞ്ഞാ, ദ്‌ പൊട്ടീല്ല്യെ, അദെങ്ങ്ന്യാ ദ്‌ ശര്യാക്കാ.
അദ്‌ കേട്ടപ്പോ കുഞ്ഞന്‌ പിന്നേം സങ്കടായി. ഞി ഈ ജീപ്പ്‌ ശര്യാക്കാൻ പറ്റില്ല്യാലോ, എന്താ ചെയ്യാ....


*****************************

ന്നലെ അച്ഛനും അമ്മേം കൂടി പൊർത്തക്ക്‌ പോയ്യേർന്നു. പോയി വന്നപ്പോ അമ്മ കുഞ്ഞനോട്‌ പർഞ്ഞു.

കുഞ്ഞാ.... കണ്ണട്ച്ച്‌ കയ്യ്‌ നീട്ടിക്കോളൂ....

കുഞ്ഞൻ കണ്ണട്ച്ച്‌ കയ്യ്‌ നീട്ടി. അപ്പൊ അമ്മ കുഞ്ഞന്റെ കയ്യില്‌ ഒരു സാദനം വെച്ചു.

കണ്ണ്‌ തൊർന്ന് നോക്കീപ്പെന്താ.......


ജീപ്പ്‌ നേര്യാക്കീ... ഹായ്‌, പഴേ ജീപ്പന്നെ, അച്ഛൻ നേര്യാക്കി കൊണ്ടന്നേക്ക്ണൂ.....

കുഞ്ഞൻ അമ്മ്യോട്‌ ചോയ്ച്ചു.... നേര്യാക്ക്യോ.....

അമ്മ പർഞ്ഞു, ഉവ്വ്‌ കുഞ്ഞാ.... അച്ഛനും അമ്മേം കൂടി പോയി ജീപ്പ്‌ നേര്യാക്കി കൊണ്ടന്നു...


കുഞ്ഞന്‌ സന്തോഷായീ.... ഞി ജീപ്പ്‌ നേര്യാവില്ല്യാന്നാ കുഞ്ഞൻ വിചാരിച്ചേർന്നെ. ആവൂ, ദ്‌ നേര്യായീലൊ. ഞി കുഞ്ഞൻ ജീപ്പ്‌ കളയില്ല്യ. റോട്ട്ലിക്കൊന്നും കൊണ്ട്വില്ല്യ. സൂക്ഷിച്ച്‌ വെയ്ക്കും.

ന്നലെ രാത്രി കുഞ്ഞൻ ജീപ്പ്‌ കെട്ടിപ്പിട്ച്ചാ കെട്ന്നൊറങ്ങ്യെ...

നോക്ക്യോക്കൂ.... കുഞ്ഞന്റെ ജീപ്പ്‌.




***************

കുഞ്ഞന്റെ അച്ഛന്റെ അടിക്കുറിപ്പ്‌...

ഒരു എക്സിബിഷനിലെ ചില്ലറ പർച്ചേസിനിടയിൽ യാദൃശ്ചികമായാണ്‌ ഈ ജീപ്പ്‌ കണ്ണിൽ പെട്ടത്‌. അതിനേക്കാൾ നല്ലത്‌ വേറെ ഉണ്ടായിരുന്നെങ്കിലും ഇത്‌ വാങ്ങാതിരിക്കാൻ തോന്നിയില്ല.

കയ്യിൽ കിട്ടിയയുടൻ കുഞ്ഞന്റെ നേര്യാക്ക്യൊ എന്ന ചോദ്യം ഞങ്ങളുടെ കണ്ണ്‌ നനയിച്ചു. കുഞ്ഞൻ ആ സംഭവം ഇത്രയധികം ഓർത്തുവെച്ചിട്ടുണ്ടെന്ന് ആ ചോദ്യത്തിലൂടെ ഞങ്ങൾക്ക്‌ മനസിലായി.

ഒരുപക്ഷെ, കൂടുതൽ നല്ലൊരു കളിപ്പാട്ടം വാങ്ങിയിരുന്നെങ്കിൽ ഇത്ര സന്തോഷം ഞങ്ങൾ അനുഭവിക്കില്ലായിരുന്നു, കുഞ്ഞനും.

Tuesday, January 19, 2010

കുഞ്ഞനും കണ്ണടയും

കുഞ്ഞന്‌ ടീവി കാണാൻ എന്തൊരിഷ്ടാന്നറിയ്യോ....
ഏറ്റവും ഇഷ്ടം ടോമെഞ്ചറി (ടോം ആന്റ്‌ ജെറി) ആണ്‌. പിന്നെ.... ബെൻഡൻ (ബെൻ ടെൻ).


അമ്മ - കുഞ്ഞാ.... ടീവി നിർത്തൂ. കൊറെ നേരായീലൊ കാണാൻ തൊടങ്ങീട്ട്‌....


കുഞ്ഞന്‍ - ദുംകൂടി കഴിയട്ടെ..... നിർത്താം.

അമ്മ - കുഞ്ഞാ...... ടീവീടെ അട്ത്ത്‌ നിന്ന് കാണണ്ട.... വ്ടെ സോഫേല്‌ വന്നിരിക്കൂ. ഇവിടിരുന്ന് കണ്ടാ മതി. ഇല്ലെങ്കി അമ്മ ടീവി നിർത്തും
കുഞ്ഞന്‍ - എന്താപ്പൊ ടീവി കണ്ടാ കൊഴപ്പം?

അമ്മ - കുഞ്ഞാ.... ങ്ങനെ ടീവി കണ്ടാ കണ്ണ്‌ കേടുവരും....
കുഞ്ഞന്‍ - കണ്ണ്‌ കേടുവന്നാ എന്താണ്ടാവ്വാ....

അമ്മ - കണ്ണ്‌ കേടുവന്നാ കാണാണ്ട്യാവും....
കുഞ്ഞന്‍ - കാണാണ്ടായ്യാ എന്താ ചെയ്യാ.....

അമ്മ - കാണാണ്ടായ്യാ കണ്ണട വെയ്ക്കണ്ടിവരും....
കുഞ്ഞന്‍ - അപ്പ ങ്ങനെ ടീവി കണ്ട്‌ കണ്ണ്‌ കേട്‌വന്നിട്ടാ പിയ കണ്ണട വെച്ചേക്കണേ?.....


അമ്മയ്ക്ക്‌ ഉത്തരല്ല്യ....

പിയ - .... അതെ കുഞ്ഞാ... ടീവി കണ്ടുകണ്ട്‌ പിയേടെ കണ്ണ്‌ കേടുവന്നതാ.....
കുഞ്ഞന്‍ - ഹായ്‌.... അപ്പൊ കൊർച്ചക്കെ കണ്ണ്‌ കേടുവന്നോട്ടെ. കണ്ണട വെയ്ക്കാലൊ.... പിയേപ്പോലെ നല്ല ഭംഗീണ്ടാവും..... നിയ്ക്കിഷ്ടാ കണ്ണട വെയ്ക്കാൻ




ഇപ്പൊ പിയയ്ക്കുമില്ല ഉത്തരം.

കുഞ്ഞൻ വന്നൂട്ടോ.....

ഞാൻ കുഞ്ഞൻ, ഒരു നാലുവയസുകാരൻ. എൽകെജി-ൽ പഠിക്കുണൂ. സ്കൂളില്‌ ഹരിദത്തൻ-ന്നാ പേര്‌.


ഇപ്പോൾ തിരുവനന്തപുരത്താ, അച്ഛന്റേം അമ്മേടേം കൂടെ. വീട്ടില്‌ മുത്തശ്ശീം (ഞാൻ പിയ ന്നാ വിളിക്ക്യാ) അപ്പുഅപ്ഫനും കൂടീണ്ട്‌.

എന്റെ വിശേഷങ്ങൾ എഴുതാനാ ഈ ബ്ലോഗ്‌. കൂടെ ചെലപ്പൊ ഫോട്ടോം.


ഞാനും അമ്മേം അച്ഛനും




പിയ





അപ്പ ശരി.... പിന്നെ കാണാം